Skip to main content

പുനത്തിൽ കുഞ്ഞബ്ദുള്ള കോഴിക്കോട് കണ്ടുപിടിച്ച ഭോജനാലയത്തിന്റെ കഥ ഈസ്റ്റ്‌ മാൻ കളറിൽ

ടി വി കൊച്ചുബാവയും അക്ബർ കക്കട്ടിലും കൊടികുത്തിവാഴുന്ന കോഴിക്കോട്.
എൺപതുകളുടെ അവസാനം.

ഞാൻ നാട്ടിൽ പോയാൽ രണ്ടു ദിവസം കൊല്ലത്തു കഴിച്ചു കൂട്ടി പെട്ടിയുമെടുത്തു വടക്കോട്ടു വച്ചു പിടിക്കും. തൃശൂർ രണ്ടു ദിവസം. അതുകഴിഞ്ഞാൽ പിന്നെ കോഴിക്കോടാണ് താവളം. കൊച്ചുബാവ ഗൾഫ് ജീവിതം മതിയാക്കി ഒരൂ ഗൾഫ് മാസിക ഇറക്കുന്ന കാലം.

ഹോട്ടൽ അളകാപുരിയിലാണ് അക്ബറും ഞാനുമായി താമസം.
പകൽ മൊത്തം കൊച്ചുബാവ ഉണ്ടാവും. മിക്ക ദിവസങ്ങളിലും ഞാനും അവനുമായി വഴക്കിടും. ചിലപ്പോൾ ബാവ കരയും. അപ്പോൾ അക്ബർ എന്നെ നായിന്റെ മോനെ എന്നു വിളിക്കും.

മൊബൈൽ ഇല്ലാത്ത കാലമാണ് അതുകൊണ്ട് വടകരയിൽ നിന്ന് വിളിവരും ഹോട്ടലിലെ ലാൻഡ് ഫോണിൽ. പുനത്തിൽ കുഞ്ഞബ്ദുള്ള ആണ് വിളിക്കുന്നത്‌. രണ്ടു നേരം വിളിച്ചു ക്ഷേമം അന്വേഷിക്കും.

വൈകുന്നേരം ഹോട്ടൽ മുറിയിൽ ഒത്തുകൂടുന്നവർ ജലസേചനം ചെയ്യും. പാട്ടും കൂത്തും കഥ പറച്ചിലും ഒക്കെയായി സമയമങ്ങു നീളും. രാത്രി എട്ടു മണി കഴിഞ്ഞാൽ അളകാപുരിയിലെ അടുക്കള പൂട്ടും. നല്ല വെജിറ്റേറിയൻ ഭക്ഷണമാണ് ആവിടുത്തേത്. എന്നാൽ ഈ ദ്രോഹികൾ കാരണം സമയത്തു പോയി അതു കഴിക്കാൻ പറ്റില്ല.

പത്തു പത്തര ആവുമ്പോൾ ഞാനും കൊച്ചുബാവയും അക്ബറും കൂടി ആഹാരം തേടി ഇറങ്ങും. ആക്കാലത്തു നല്ല വെജിറ്റേറിയൻ ഹോട്ടലുകൾ കോഴിക്കോട് കുറവായിരുന്നു. പൊറോട്ടയും ഇറച്ചിയും കിട്ടുന്ന ഏതെങ്കിലും ഹോട്ടലിൽ കയറി അവന്മാർ ഇതൊക്കെ വെട്ടുമ്പോൾ മനസ്സില്ലാമനസ്സോടെ ഞാൻ പൊറോട്ടയും അതിന്റെ പുറത്തു പാലും പഞ്ചസാരയും ഇട്ടു കഴിക്കും.

ഇതു പതിവായപ്പോൾ ഞാൻ പുനത്തിലിനെ വിളിച്ചു പരാതി പറഞ്ഞു. എടാ രാധേ, ഞാനിന്നു വൈകിട്ട് അളകാപുരിയിൽ എത്തും. പരിഹാരാരം ഉണ്ടാക്കാം എന്നു വാക്കു തന്നു. കൃത്യം അഞ്ചു മണിക്ക് പുനത്തിൽ കുഞ്ഞബ്ദുള്ള വടകരയിൽ നിന്ന് തന്റെ പുതിയ ടാറ്റാ എസ്റ്റേറ്റ് ചുവന്ന കാറിൽ വന്നിറങ്ങി.

ശോചനീയമായിരുന്ന രംഗം ഡോക്ടർ വന്നിറങ്ങിയപ്പോൾ കൊഴുത്തു. ജലസേചനം കലാപരമായി. കുടിക്കുകയും തിന്നുകയും ചെയ്യുന്ന പുനത്തിലിനെ കാണേണ്ടതാണ്. കണ്ടുപഠിക്കേണ്ടതാണ്. തീൻ മേശയിൽ ഒരൂ തുള്ളി വെള്ളത്തിന്റെ കണം പോലും ഉണ്ടാവില്ല. മേശമേൽ ഒരൂതരി ഭക്ഷണ അവശിഷ്ട്ടവും കാണില്ല. ജലസേചനം ചുണ്ടും ഗ്ലാസ്സുമായുള്ള ചുംബനത്തിലാണ്. ചുവന്ന തക്കാളി ചുണ്ടുകൾ ആ ഗ്ലാസിൽ നിന്നും ഒരൂ മുത്തംവഴി ഈമ്പി വലിച്ചെടുക്കും.

ജലസേജനം സർവവിധ സൗന്ദര്യത്തോടെയും മുന്നേറുമ്പോൾ എ കെ ആന്റണിയുടെ വത്സല ശിഷ്യൻ യൂ കെ കുമാരൻ അവിടേക്കു അവതരിച്ചു. ഒരൂ സോഡാ പോലും കുടിക്കാത്ത കോൺഗ്രസ്‌ ആണ് കുമാരൻ. എന്നെ കാണാൻ എന്നും വരും ആളകാപുരിയിൽ.
കുമാരന് ഒരൂ നാരങ്ങാ സർബത്ത് പറഞ്ഞു.

പുനത്തിൽ കുഞ്ഞബ്ദുള്ള ചോദിച്ചു, ഒരൂ കഥ എഴുതാൻ നിങ്ങളൊക്കെ എത്ര സമയം എടുക്കും?

കഥ എഴുത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഞാനാണ് കഥ എഴുതാൻ കൂടുതൽ സമയം എടുക്കുന്ന ആളെന്നു കണ്ടെത്തി, പുനത്തിൽ രൂക്ഷമായി അതിനെ വിമർശിച്ചു. എന്തിനാ ഈ രണ്ടു മാസം ഒരൂ കഥ എഴുതാൻ രാധേ?

കുഞ്ഞിക്കാക്ക് ഈശ്വരൻ അനുഗ്രഹിച്ചു ചില സിദ്ധികൾ ഉണ്ട്. അതനുസരിച്ചു കഥ ഇങ്ങു ഒഴുകി വരും പേന പിടിച്ചു കൊടുത്താൽ മതി. തലച്ചോറിൽ ഓരോന്നിലും കഥയും നോവലും അരങ്ങു തകർത്തു നിൽക്കയല്ലേ?

മാദകമായി ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള ചിരിച്ചു. ബാഗ്പൈപ്പർ ഗോൾഡ് വിസ്ക്കിയാണ് ഞാനും കുഞ്ഞിക്കയും കൊച്ചുബാവയും നുകരുന്നത്. ഈ വിസ്ക്കി പരിചയപ്പെടുത്തിയത് കൊച്ചുബാവയാണ്. ആ അക്ബർ കേരളജനത ആകമാനം കുടിക്കുന്ന ഏതോ അലമ്പ് ബ്രാണ്ടിയാണ്.പകരുന്നത് അണ്ണാക്കിലേക്ക്. ഇടയ്ക്കിടയ്ക്ക് ഞാനും അക്ബരുമായി വാക്പ്പയറ്റും ഉണ്ട്. വാള് എന്റേത് മൂർച്ഛ കൂടുതലായത് കൊണ്ടു പുള്ളി മൗനിയാണ്. പോരങ്കിൽ പുനത്തിലിന്റെ മാരകമായ കളിയാക്കലും.

കുഞ്ഞിക്ക കേൾക്കാതെ അവൻ എന്റെ ചെവിയിൽ പറഞ്ഞു :
എടാ സ്മഷ്‌റൂ, രാത്രി ഓനങ്ങു വടകരക്ക് പോവും അന്നേരം നായിന്റെ മോനെ നിന്നെ കൊന്നുകളയുമെടാ പട്ടീ.

കൊച്ചുബാവ അവന്റെ വലിയ കഴിവിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച അവന്റെ ഒരൂ കഥ കാണാതെ പറഞ്ഞു ഞെട്ടിച്ചു കളഞ്ഞു. ഇതിനെ പുനത്തിൽ ഹാർദ്ദവമായി അഭിനന്ദിക്കുകയും ഓനെ കെട്ടിപ്പിടിക്കുകയും ചെയ്തു.

ഇനി കുടിക്കാതിരിക്കുന്ന കുമാരൻ സംസാരിക്കട്ടെ.

കുമാരൻ സ്വരം നന്നാക്കി ആലപിച്ചു തുടങ്ങി. ബോംബയിൽ നിന്നും നമ്മുടെ പ്രദേശത്തു വന്ന യുവകഥാകൃത്ത് എം ജി രാധാകൃഷ്ണനെ ഹാർദവമായി സ്വീകരിക്കുകയും സ്നേഹം പകർന്നു ഊഷ്മളനാക്കുകയും ചെയ്യുന്നു (ആ കാലത്ത് ഞാനൊരു യുവാവ് തന്നെ ആയിരുന്നു!. )

യൂ കെ കുമാരൻ ഒരൂ കോൺഗ്രസ്സ്കാരൻ എന്നതിലുപരി ആദർശ സമ്പന്നനായ എ കെ ആന്റണിയുടെ വാത്സല്യനിധി കൂടിയാണ്, സീനിയർ കഥാകൃത്തും. ജി കുമാരപിള്ള സാറിനെയൊക്കെ കച്ചകെട്ടി മദ്യനിരോധനത്തിൽ ബഹുമാനിക്കുന്ന കുമാരൻ ജീവിതത്തിൽ ഇതുവരെ മദ്യം തൊട്ടിട്ടില്ലാത്ത ബൃഹദാരണ്യം തന്നെ. ആശങ്ക പൂണ്ട എന്നെപ്പോലുള്ള ചെറ്റകൾ പാവം കുമാരനോട് രഹസ്യമായി ചോദിക്കും, കുമാരാ സത്യം പറ ആന്റണി സാർ ജിന്ന് കഴിക്കാറില്ലേ മുറി പൂട്ടിയ ശേഷം.

പോരേ പൂരം..കുമാരൻ അനുകമ്പയോടെ പുഞ്ചിരിക്കും. രോഷം കൊള്ളുകയേ ചെയ്യില്ല. അധമാ നീചാ എന്നുപോലും വിളിക്കില്ല

ആന്റണി കെ പി സി സി പ്രസിഡന്റ് ആയിരിക്കെ വീക്ഷണം വീക്കിലിയിൽ 90 രൂപാ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന യൂ കെ കുമാരന് എറണാകുളത്തു കിടന്നുറങ്ങാൻ സ്ഥലം കൊടുത്തത് കെ പി സി സി പ്രസിഡന്റിന്റെ മുറിയിൽ ആയിരുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു എ കെ ആന്റണിക്കു യു കെ കുമാരനോട്.

അപ്പോഴേക്കും ഞങ്ങൾ കുടിച്ചിരുന്നു വിസ്‌ക്കി കഴിഞ്ഞു. അപ്പോൾ കൊച്ചുബാവ പറഞ്ഞു, കുമാരാ നിന്റെ ബേഗിൽ മദ്യം കാണാതിരിക്കില്ലല്ലോ.

നിഷ്കളങ്കമായി അപ്പോഴും കുമാരൻ ചിരിച്ചു.

കുമാരൻ എപ്പോഴും ഒരൂ ലതർ ബേഗും തൂക്കിയാണ് നടപ്പ്. കേരളകൗമുദി കോഴിക്കോട് ശാഖയിലാണ് ഓൻ അപ്പൊ വർക്ക്‌ ചെയ്യുന്നത്. മദ്യം തൊടാത്ത കുമാരന്റെ ബേഗിൽ മദ്യം തപ്പുന്ന നീചന്മാരെ എന്ത് വിളിക്കണം?

എന്നാൽ കുമാരന്റെ ബേഗിൽ ബാഗ് പൈപ്പർ ഗോൾഡ് വിസ്ക്കി ഒരൂ ഫുൾ ഉണ്ടായിരുന്നു.

കുമാരനും ഞെട്ടിപ്പോയി. ഇതൊക്കെ അക്ബറും കൊച്ചുബാവയും മെനയുന്ന കൂതന്ത്രങ്ങളാണ്. ബോട്ടിൽ വാങ്ങി കുമാരൻ അറിയാതെ കുമാരന്റെ ബേഗിൽ വയ്ക്കും. കുടിക്കാത്ത കുമാരൻ ആ ബേഗും തൂക്കി ഇവരോടൊപ്പം ഇവർ പോകുന്നിടത്തെല്ലാം നടക്കും.

മഹത്തായ ഒരൂ കയ്യടിയോടെ പുനത്തിൽ കുപ്പി എടുത്തു ചുംബിച്ചു. കുറച്ചു കിന്നാരവും പറഞ്ഞു.

രണ്ടാം വിസ്കി കഴിയുമ്പോൾ അത്താഴത്തിന് പോകാമെന്നായി.

ഞാൻ പുനത്തിലിനോട് പറഞ്ഞു, ഈ സസ്യഭുക്കിനെ മറക്കല്ലേ കുഞ്ഞിക്കാ…

രാധേ നീ പേടിക്കാതെ.. കവലപ്പെടാതെ.

കോഴിക്കോട് മിക്ക ഹോട്ടലുകളും അടച്ചിട്ടുണ്ടാവും.

പട്ടിണി കിടന്നാലും ആ കൊച്ചുബാവയും അക്ബറും ഇന്നു പൊറോട്ടയും ഇറച്ചിയും കേറ്റുന്നത് കാണണം. ഞാൻ മനസ്സിൽ സന്തോഷിച്ചു.

ഞങ്ങളെ അളകാപുരിയിൽ നിന്ന് തന്റെ ടാറ്റ എസ്റ്റേറ്റ് കാറിൽ കയറ്റി പുനത്തിൽ എങ്ങോട്ടോ കൊണ്ടു പോയി. അക്ബർ പിറുപിറുത്തു. ഈ പാതിരായ്ക്ക് ഏടേം ഭക്ഷണം കിട്ടാൻ പോണില്ല. വടകരക്ക് പോവേണ്ടി വരും.

കുഞ്ഞിക്ക നല്ലോണം ചിരിച്ചു.
..
കാറ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നങ്കൂരമിട്ടു. നേരെ റെയിൽവേയുടെ സസ്യാഹാര മുറിയിലേക്ക്. നല്ല ചൂടു ദോശ, തേങ്ങാ ചമ്മന്തി, ഉഴുന്നു വട, വെള്ളയപ്പവും ഉരുളകിഴങ്ങു സ്റ്റുവും, ഞാൻ ഉറക്കെ കൂവി വിളിച്ചു.

എടാ രാധേ പുനത്തിൽ പ്രഖ്യാപിക്കുന്നു, ഏത് പാതിരാത്രിയിലും സസ്യാഹാരിയായ നിനക്ക് ഉതകുന്നിടം.

ഞാൻ കണ്ണീർ വാർത്തു പോയി. ആ നായിന്റെ മോൻ കൊച്ചുബാവയും അക്ബറും ദോശ നക്കി നക്കി തിന്നുന്നു. കുഞ്ഞിക്ക വിരലുകളിൽ പറ്റിയിരിക്കുന്ന തേങ്ങാ ചമ്മന്തി നക്കി തുടക്കുന്നു. എന്തോരു രുചി
എന്തോരു സുഖം.

വൈകാതെ പുനത്തിലിനെ വടകരക്ക് യാത്ര അയച്ചിട്ടു രായ്ക്ക് രാമാനം ഞങ്ങൾ ഉറക്കെ കൂവി.അന്നു തൊട്ടു ഇന്നുവരെ ഇറച്ചി കടകളിൽ കേറാതെ അന്തസ്സായി രാത്രി വന്നു ആഹാരം കഴിക്കുന്ന എന്റെ ഇഷ്ട്ട ആഹാരാലയമാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.